20090619

ഇടവഴിയിലെ അപരിചിതൻ-12

തേയിലത്തോട്ടത്തിലെ പണികഴിഞ്ഞ് കുറെ സ്ത്രികൾ വീടിനു മുന്നിലൂടെ നടന്നുപ്പോയി.
രാമനാഥൻ വേലിയ്ക്കരുകിൽ വന്നു നിന്നു.
ദൂരെ മലനിരകളിൽ നിന്നും കോട ഉയരുന്നതു കാണാം.
“റം ലയെന്തേ? തലയിൽ പുല്ലുകെട്ടുമായി വീടിനുമുന്നിലൂടെ നടന്നു പോകുന്നതിനിടയിൽ
അപരിചിതയായ ഒരു സ്ത്രി തിരക്കി.
“ഇത്ത ഉള്ളിലെന്തോ പണിയിലാണ്.”
ഖാദർ അല്പം അകലെ വാഴയ്ക്ക് തടം എടുക്കാൻ പോയിരിക്കുവാണ്.
രാത്രി അയ്യാൾക്ക് ചന്തയ്ക്ക് പോകാനുള്ളതാണ്.
രാമുവിനെയും കൊണ്ടുപോകാമെന്ന് അയ്യാൾ അവനോട് പറഞ്ഞിട്ടുണ്ട്.
ഇത്തയോട് സമ്മതം വാങ്ങണം.
ഇത്ത സമ്മതിച്ചാലെ പോകത്തുള്ളു.
അവൻ എന്തൊക്കെയോ ഓർത്തൂനിന്നപ്പോഴാണ് താഴ്വാരത്തു നിന്നും ഒരു വെടിയൊച്ചകേട്ടത്.
അവൻ ഓടി ഉയരമുള്ള ഒരു കല്ലിന്റെ മുകളിൽ കയറി നിന്നു.
തൊമ്മിയാണ്. അയ്യാളുടെ ഇരട്ടകുഴൽ തോക്കിന് പക്ഷിയെ വെടിവച്ചിട്ടതാണ്.
വെടിവച്ച പക്ഷിയെയും കൊണ്ട് അയ്യാൾ നടന്നു പോകുന്നത് അവൻ കണ്ടു.
രാമനാഥൻ ദൂരേയ്ക്ക് നോക്കി കുറച്ചുനേരം കൂടിയിരുന്നു.
അവന്റെ മനസ്സിൽ അമ്മയുടെ ചിത്രം രൂപപ്പെട്ടു.
അവന്റെ രണ്ടാനച്ഛന്റെ മുഖമിപ്പോ തൊമ്മിയുടെ രൂപമാണ്.
അയ്യാൾ അമ്മയെ തോക്കുകൊണ്ട് അടിക്കുന്നത് അവൻ കണ്ടു
.
“രാമു……………?”
ഒരു പ്രതിധ്വനിപ്പോലെ അന്നേരം ഇത്തയുടെ സ്വരം.
അവൻ പൂമുഖത്തേയ്ക്ക് നടന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?.”
അവൻ അന്നേരം ഒന്നും പറഞ്ഞില്ല.
“നീപോയി ആടിനെ അഴിച്ചോണ്ടു വാ.”
“ഇത്ത പോരുന്നില്ലേ.?
“നീ പോയാൽ മതി.”
അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
വേലികടന്ന് പാറകൂട്ടങ്ങൾ ഇറങ്ങി താഴ്വാരത്തിലേയ്ക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ തൊമ്മിയുടെ രൂപമായിരുന്നു.
രക്തമൊലിപ്പിക്കുന്ന പക്ഷികളുമായി അയ്യാൾ താഴ്വാരത്തിലൂടെ നീങ്ങുന്നത് അവൻ ഓർത്തൂ.
അന്ന് രാത്രി ടൌണിൽ പോകുന്ന കാര്യം പിന്നെയവൻ ചിന്തിച്ചില്ല.

20090618

ഇടവഴിയിലെ അപരിചിതൻ-11

ട്രെയിന്റെ നീട്ടിയുള്ള ചൂളം വിളിക്കേട്ട് രാ‍മനാഥൻ ഉണർന്നു.
കുട്ടികളുടെ അമ്മ ഫ്ലാസകിൽ നിന്നും ഗ്ലാസ്സിലേയ്ക്ക് ചായ പകരുകയാണ്.
അവരുടെ ഭർത്താവിനു ചായകൊടുത്തു.
രാമനാഥൻ ഒരു കോട്ട് വായ് വിട്ട് ജാലകത്തോട് നോക്കി കാലുകൾ നീട്ടി വച്ചു.
ചായ കുടിക്കുന്നതിനിടയിൽ കുട്ടികളുടെ അച്ഛൻ രാമനാഥനെ നോക്കി ചോദിച്ചു.
“നിങ്ങൾക്ക് ചായ വേണോ?.
എന്നിട്ട് ഭാര്യയെ നോക്കി ആയ്യാൾ പറഞ്ഞു.
“അദേഹത്തിനു കൂടി ഒരു ഗ്ലാസ്സ് ചായ് കൊടുക്ക്.”
രാമനാഥൻ ചായ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.
അവർ ചായ നീട്ടിയപ്പോൾ ആയ്യാൾ വാങ്ങി.
കമ്പാർട്ട്മെന്റിൽ വൃദ്ധൻ നല്ല ഉറക്കമാണ്.
കുട്ടിയെയും കൊണ്ട് വൃദ്ധ പല്ലു തേയ്ക്കാനോ മറ്റോ പോയിരിക്കുകയാണ്.
രാമനാഥൻ ചായ കുടിച്ചു.
“അടുത്ത സ്റ്റേഷൻ അടുക്കാറായെന്നു തോന്നുന്നു.”
കുട്ടികളുടെ അച്ഛൻ പറഞ്ഞു.
രാമനാഥൻ എഴുന്നേറ്റ് ചുറ്റും നോക്കി.പിന്നെ ഡോറിനരുകിലേയ്ക്ക് നടന്നു.
മാവുകൾ ഇരു സൈഡും നിറഞ്ഞ പാളത്തിനപ്പുറം തരിശുനിലങ്ങളാണ്.
അവിടെ കന്നുകാലുകൾ മേയുന്നു.
അയ്യാൾ വാതിയ്ക്കിലെ കമ്പിയിൽ പിടിച്ചു നിന്നു.
അകന്നകന്നു പോകുന്ന പാടങ്ങൾ.
മനസ്സ് തണുത്ത പ്രഭാതത്തിലേയ്ക്ക് വീണ്ടും.
“ഖാദറെ ഞാനിങ്ങ് വന്നു.”
മുറ്റത്തെ വേലിപ്പടർപ്പ് കടന്ന് പരുക്കനായ ഒരു മനുഷ്യൻ.
ഉമ്മറത്തിരിക്കുകയായിരുന്ന രാമനാഥൻ എഴുന്നേറ്റു.
“ആരാ രാമു അവിടെ?.”
രാമനാഥൻ ഒന്നും മിണ്ടിയില്ല.
ഖാദർ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു.
തണുപ്പുകാരണം അയ്യാൾ കറുത്ത കമ്പിളി പുതച്ചിട്ടുണ്ട്.
“ങാ,തൊമ്മിയോ ഇതെപ്പോഴാ വന്നേ?.”
“രാവിലത്തെ വണ്ടിയ്ക്ക് പോന്നു.”
“പശു കോഴി ഒരോ മോഷണങ്ങളുമായിട്ട് നീയെത്രനാളാ ഇങ്ങനെ?” ഇനിയേലും മാന്യമായിട്ട് എന്തേലും ഒരു തൊഴിലു ചെയ്ത് ജീവിക്ക്.”
“ആ‍ഗ്രഹമില്ലാഞ്ഞിട്ടല്ല ഖാദറെ, ആര് തരാനാ ഇവിടെ എനിക്ക് ഒരു തൊഴില്?. പിന്നെ ശീലിച്ചുപോയ
പണിയിതാ മോഷണം.ഇടയ്ക്ക് പോലീസ് പിടിച്ചാലും പട്ടിണി കിടക്കേണ്ടി വരില്ലാല്ലോ?.”
പുറത്തെ സംസാരം കേട്ടിട്ട് റം ല ഉമ്മറത്ത് വന്ന് തലക്കാട്ടി.
തൊമ്മിയെ കണ്ട് അവൾ പെട്ടെന്ന് ഉള്ളിലേയ്ക്ക് വലിഞ്ഞൂ.
“നിന്റെ മോളങ്ങ് വലുതായല്ലോടാ ഖാദറെ,“ ഓൾക്ക് പുയ്യാപ്ലേയൊന്നും വേണ്ടായോ?.”
“ഒരോന്ന് ഒത്തുവരുമ്പോൾ കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ട്. ങാ, ഈ വർഷമേലും അതുനടത്തിവിടണമെന്നാ.”
“ബാപ്പു,ബാപ്പു”
ഉള്ളിൽ നിന്നും അന്നേരം മകൾ വിളിച്ചു.
പുറത്തിരിക്കുകയായിരുന്ന രാമനാഥന്റെ കണ്ണുകൾ അന്നേരം ഖാദറിന്റെ കണ്ണുകളുമായി ഉടക്കി.
ഖാദർ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് പോയി.
“അയ്യാളോടെന്തിനാ ഒരോന്നൊക്കെ പറയണെ?”നിയ്ക്ക്പ്പോ കല്ല്യാണം വേണമെന്ന് ഞാൻ പറഞ്ഞോ ബാപ്പുവിനോട്?.”
അയ്യാൾ ചിരിച്ചു.
ഉമ്മറത്തിരിക്കുകയായിരുന്ന തൊമ്മി രാമനാഥനോട് തിരക്കി
“നീയേതാ?.”
“ബന്ധുവാ.”
“നീ ഉള്ളിൽ ചെന്ന് ഒരു തീകൊള്ളി എടുത്തോണ്ടുവാ.”ഒരു ബീഡി കത്തിക്കട്ടേ.’
രാമനാഥൻ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് നടന്നു.
അവന് ഈർഷ്യമുണ്ടായിരുന്നു.
അടുപ്പിൽ നിന്നും തീകൊള്ളിയെടുത്തപ്പോൾ ഇത്ത വഴക്കു പറഞ്ഞു.
“അതെന്തിനാ?.”
“അയ്യാൾക്കാ.”
“കൊണ്ടുകൊടുക്ക്.” റം ല ബാപ്പുവിനെ നോക്കി ദേഷ്യത്തോടെ അവനോട് പറഞ്ഞു.
അവൻ വിറക് കൊള്ളി കൊണ്ടുപോയി അയ്യാൾക്ക് കൊടുത്തു.
അയ്യാൾ ബീഡി ചുണ്ടത്ത് വച്ച് തീ ഊതി വലിക്കുന്നതു കണ്ട് അവൻ നോക്കിയിരുന്നു.
മുറ്റത്തൂടെ റം ല ഏങ്ങോടോ മാറിയപ്പോൾ ഒരു വൃത്തിക്കെട്ട നോട്ടം അയ്യാൾ
അവൾക്ക് സമ്മാനിച്ചു.
രാമനാഥന് വല്ലാതെ ദേഷ്യം വന്നു.
അവൻ പല്ലുകൾ ഇറുമി.

20090617

ഇടവഴിയിലെ അപരിചിതൻ-10

രാമനാഥൻ ഉമ്മറത്ത് തൂണിൽ ചാരിയിരുന്നു.
വേലിയ്ക്കരുകിലൂടെ ഒരു സ്ത്രി തലയിൽ പുല്ലുമായി നടന്നു പോയി.
പിന്നിൽ നിന്നും ഒന്നുരണ്ട് ആടുകളുമായി റം ല മുൻ വശത്തേ മുറ്റത്തേയ്ക്ക് വന്നു.
“നീ വെറുതെ ഇരിക്കുവാ, വാ താഴ്വരയിൽ പോകാം.”
“ഞാൻ ഇല്ല.”
“ഇല്ല്യേൽ നീ പോരണ്ട .അവിടെ ഇരുന്നോളു., തനിച്ചിരുന്നോളു.”
അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം അവനെ ചെറുതായൊന്നു വേദനിപ്പിച്ചു.
അവൾ വേലിക്കെട്ട് കടന്ന് നടന്നപ്പോൾ അവൻ വിളിച്ചു.
“ഇത്താ, ഞാനും വരാം.”
“എന്തിന്?. നിനക്ക് തന്നെ ഇരിക്കുന്നതല്ലെ ഇഷ്ടം.അവിടെ ഇരുന്നോളു.”
“ഞാൻ വെറുതെ പറഞ്ഞതാ,ഇത്താ ഞാനും വരാം.”
“ങും. നീയും പോന്നോളു. പിന്നെ നീയി ഉടുപ്പൊക്കെ ഒന്ന് മാറ്റ് വല്ലാതെ കീറിമുഷിഞ്ഞിരിക്കുന്നല്ലോ?”
“നീയി ഈ ആടിനെ ഒന്ന് നോക്ക്.ബാപ്പുവിന്റെ ഷർട്ട് ഞാൻ എടുത്ത് വരാം.”
അവൾ ഉള്ളിലേയ്ക്ക് കയറി.
രാമനാഥൻ ആടുകളുടെ അടുത്തിരുന്ന് അതിന്റെ ചെള്ള് പറിച്ചു.
“രാമു ദാ മുണ്ടും ഷർട്ടും.ഇതിട്ടോളൂ.”
അവൾ ഉമ്മറത്ത് അരപ്ലേസിൽ ഷർട്ടും മുണ്ടും വച്ചിട്ട് വിളിച്ചു.
അവൻ ആടിനെ വിട്ടിട്ട് അങ്ങോട് ചെന്നു.
റം ല ആന്നേരം ആടുകളുടെ അടുത്തേയ്ക്ക് വന്നു.
“ഷർട്ടിട്ട് വേഗം വന്നോളോട്ട്വേ. ഇത്താന് അവിടെ ചെന്നിട്ട് കുറച്ചു വിറക് ശേഖരിക്കണം.”
അവൾ ആടിനെ വലിച്ചു കൊണ്ട് നീങ്ങി.
രാമനാഥൻ ഷർട്ടും മുണ്ടും ധരിച്ച് സ്വയം മറന്ന് കുറച്ചുനേരം നോക്കി നിന്നു.
കൈയ്യിൽ പഴയ ഷർട്ടും മുണ്ടും ഇരുന്നു.
അവൻ ഖാദറിന്റെ ഷർട്ടിലേയ്ക്ക് നോക്കിയപ്പോൾ അവന്റെ അമ്മയുടെ മുഖം ഓർമ്മ വന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ട് അമ്മ.
അവന്റെ അമ്മ ജയിലിലാണ്.അഴികളിൽ പുറം ലോകം കാണാതെ തന്നെ ഓർത്തു കരയുന്നു അമ്മ
.
പഴയ ഷർട്ടും മുണ്ടും പിടിച്ച് അവൻ എന്തൊക്കെയോ ചിന്തിച്ചു നിന്നു.
“രാമു?.”
പാറയിടുക്കുകൾക്ക് മറവിൽ എവിടേ നിന്നോ ഇത്തയുടെ വിളി.
അവൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
പഴയ ഷർട്ടും മുണ്ടും ഉമ്മറത്തെ അഴയിൽ ഇട്ട് അവൻ വേഗം നടന്നു.
ഇത്ത അന്നേരം ഒരു ചെറിയ കുന്ന് ഇറങ്ങുകയായിരുന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?. ഏയ്.”
അവൻ ഒന്നുമില്ലെന്ന് അർത്ഥത്തിൽ മൂളിയിട്ട് അവൾക്കൊപ്പം താഴേയ്ക്ക് ഇറങ്ങി.
“സൂക്ഷിച്ചു വേണം.പാറയിൽ നല്ല വഴുക്കലുണ്ടാകും.”
പാറയിറങ്ങുമ്പോൾ ദൂരേ കോട കയറുന്നത് കാണാമായിരുന്നു.
“നല്ല തണുപ്പല്ലെ?”
“നീ ആദ്യാമായിട്ടാ.”
ആടുകളെയും വലിച്ച് അവൾ ഒരു ചെറിയ പുൽമേട്ടിലേയ്ക്ക് കയറി.
പുല്ലിൽ പറ്റിയ മഞ്ഞിന്റെ കണികകൾ ചെറിയ വെയിലേറ്റ് തിളങ്ങുന്നു.
“ഞാൻ വരാം. നീയെങ്ങും പോകാതെ ഇവിടെ ഉണ്ടാകണം.”
“ഇത്താ എവിടെ പോകുവാ?.”
“ഇപ്പ വരാം നീയെവിടെം പോകരുത്.”
“ങും.”
അവൻ മൂളിയിട്ട് പുല്ലിൽ ഒരു വൃക്ഷചുവട്ടിൽ ഇരുന്നു.

20090616

ഇടവഴിയിലെ അപരിചിതൻ-9

വീടിനു പുറകിലെ കുന്നിൻ ചെരുവിൽ കയറി നിന്ന് രാമനാഥൻ പല്ലു തേയ്ച്ചു.
ദൂരെ തേയിലകാടുകളിൽ സ്ത്രികൾ പണി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
തലയിൽ പ്ലാസ്റ്റിക്കിന്റെ കവചങ്ങൾ ധരിച്ച് അവർ നിരനിരയായി നീങ്ങുന്നു.
വീടിന്റെ മുമ്പിൽ വേലിയ്ക്കുപ്പുറത്ത് കിടന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ നീട്ടിയുള്ള വിളി
അന്നേരം കേട്ടു.
“റം ല , റം ലമോളെ,“
അകത്തു നിന്നും പ്രതികരണമൊന്നും കേട്ടില്ല.
അവൻ പല്ലുതേയ്ച്ച് പെട്ടെന്ന് പുറകിൽ വന്നു നിന്നു വായ് കഴുകി.
എന്നിട്ട് വേഗം മുൻ വശത്തേയ്ക്ക് വന്നു.
ഖാദർ കാളവണ്ടിയിൽ ഇരുന്നുകൊണ്ട് ഒരു ബീഡി വലിയ്ക്കുകയാണ്.
ആയ്യാൾ ഊതി വിടുന്ന ബീഡിയുടെ പുക കാളവണ്ടിയുടെ ഒരു സൈഡിലേയ്ക്ക് ഒഴുകുന്നു.
“റം ല കടുംകാപ്പിയുമായി അകത്തു നിന്നും മുറ്റത്തേയ്ക്ക് വന്നു.
രാമനാഥൻ അവളുടെ സമീപത്തു വന്നു അന്നേരം അവൾ കാപ്പി ഖാദറിന്റെ കൈയ്യിൽ കൊണ്ടുപോയി കൊടുത്തു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്നതേയുള്ളു.
ആയ്യാൾ ചൂടുകാപ്പി മോന്തി കുടിക്കുന്നത് അവൻ കൌതുകത്തോടെ നോക്കി നിന്നു.
“ങും.എന്താടാ?. ഏതാ നീ?.”
ആയ്യാൾ തിരക്കി.
“ഹും അതുകൊള്ളാം ഇന്നലെ രാത്രി യിൽ കൂട്ടിട്ട് വന്നതല്ലെ?.” റം ല പറഞ്ഞു.
“ഞാൻ…..”
ഖാദർ ഒന്നും ഓർമ്മയില്ലാത്തപോലെ അവനെ നോക്കി.
അവൻ കുനിഞ്ഞൂ നിന്നു.
“നീയെന്തിനാ എന്റെ വണ്ടിയിൽ കയറിയത്?.”
“കയറിക്കോളാൻ പറഞ്ഞു.”
“ഞാൻ കുടിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയില്ലായിരുന്നോ?”
ഖാദറിന്റെ ചോദ്യം രാമനാഥനെ നടുക്കി.
അതു മനസ്സിലാക്കിയിട്ടെന്നോണം അവൻ പതിയെ മൂളി.
“ങു.”
“എന്നിട്ടെന്തിനാ കയറിയെ?.”
രാമനാഥൻ ഉത്തരമില്ലാതെ നിന്നു.
“ചോദിച്ചത് കേട്ടില്ലേ ? എന്തിനാ കയറിന്ന്?.”
“വെറുതെ.”
“വെറുതെയോ?.ഇത് നല്ല തമാശ.”
അയ്യാൾ വെളുക്കനെ ചിരിച്ചു.
“ഹും ഇനിയിപ്പോ അവനെയൊന്നും പറയണ്ട. അവൻ എനിക്ക് ഒരു സഹായമായി ഇവിടെ നിന്നോട്ടെ.”
റം ല പറഞ്ഞു.
“എന്തായേതാന്ന് അറിയാതെ അവനെ…” ഖാദർ നെറ്റി ചുളിച്ചു.
“കണ്ടിട്ട് പാവമാണെന്ന് തോന്നണൂ.”
“സാരല്ല്യ ഞാൻ നോക്കിക്കോളാം.”
റം ല പറഞ്ഞൂ.
ഖാദർ അവനെ നോക്കി.
“എവിടെയാടാ നിന്റെ വീട്?.
“കുറെ തെക്കാ.”
“വീട്ടിൽ ആരൊക്കെയുണ്ട്.?.”
“ഇപ്പോ ആരുമില്ല.”
അവനെന്തോ ഓർത്തിട്ടെന്നപ്പോലെ വേലിയ്ക്കരുകിൽ നിന്നും കുനിഞ്ഞ് വീടിന്റെ അങ്ങോട് നടന്നു.
ഖാദർ നെറ്റിചുളിച്ചു മകളെ നോക്കി.
അവൾ അയ്യാളെ കണ്ണൂകളടച്ച് കാണിച്ചു .പിന്നെയവൾ അയ്യാൾ കുടിച്ച കാപ്പിഗ്ലാസ്സുമായി വേലികടന്ന് ഉള്ളിലേയ്ക്ക് നടന്നു.

20090615

ഇടവഴിയിലെ അപരിചിതൻ-8

കോഴികളെ കൂട്ടിൽ നിന്നും അഴിച്ചു വിട്ട് റം ല കുറ്റിചൂലുകൊണ്ട് മുറ്റം അടിച്ചു.
വേലിയ്ക്കപ്പുറം കിടക്കുന്ന കാളവണ്ടിയിൽ നിന്നും ഖാദറിന്റെ കൂർക്കം വലി കേൾക്കാം.
രാമനാഥൻ ഉമ്മറത്ത് എഴുന്നേറ്റിരുന്ന് ഒരു കോട്ട് വായ് വിട്ടു.
രാത്രി മണ്ണെ പ്രകാശത്തിൽ കണ്ട സ്ത്രിയെ അവൻ നോക്കി.
മുറ്റം അടിച്ചുവാരികൊണ്ടിരുന്ന അവൾ രാമനാഥൻ എഴുന്നേറ്റിരിക്കുന്നത് കണ്ട് തിരക്കി.
“ഇന്നലെ ഉറങ്ങിയോ?.”
“ങും.”
“മുഴുവൻ കൊതുകാ ഇവിടെ.”
അവൻ പുറത്തിനിട്ട് കൊട്ടികൊണ്ട് പറഞ്ഞൂ.
റം ല എന്തോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.
അവരുടെ ചിരി കാണാൻ നല്ല രസമുണ്ട്.
രാമനാഥൻ അവരുടെ മുഖത്തെയ്ക്ക് നോക്കി നിന്നു.
“കുട്ടിടേ വീട് എവിടെയാ?.”
“ദൂരെയാ. കുറെ അധികം ദൂരെ.”
“ഏങ്ങനെയാ ഈ നാട്ടിൽ വന്നത്?.”
രാമനാഥൻ എന്തോ ആലോചിച്ചു.
അവന്റെ മനസ്സിൽ നാടിനെക്കുറിച്ചുള്ള ചിന്ത.
അച്ഛൻ അമ്മയെ അടിക്കുന്നത്.
അമ്മയുടെ കത്തികൊണ്ടുള്ള കുത്ത്.
അവൻ പുറത്തേയ്ക്ക് നോക്കി അരപ്ലേസിലിരുന്നു.
റം ല മുറ്റം അടിച്ചു വാരിട്ട് അവന്റെ അടുത്തേയ്ക്ക് വന്നു.
“ബാപ്പു ഉണരാൻ താമസിക്കും. കാപ്പി തരാം വായ് കഴുകീട്ട് വാ.”
“ങും.”
അവൻ പുറത്തേയ്ക്ക് ഇറങ്ങി.
ചുറ്റിലും പുകമഞ്ഞ് നിറഞ്ഞു കിടക്കുന്ന ഒരു മൊട്ടകുന്നായിരുന്നു ആ ഗ്രാമം.
അവൻ വീടിനരുകിൽ വേലിപ്പടർപ്പ് ഇറങ്ങി പതിയെ നടന്നു.
ഒരു ചെറിയ പാറയുടെ മുകളിൽ കയറിയിരുന്നു.
താഴെ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളാണ്
.
അവിടെ ക്യാബേജും ബീൻസുമൊക്കെ കൃഷി ചെയ്തിരിക്കുന്നത് അവൻ കണ്ടു.
അകലെ മലനിരകളിൽ നിന്നും പുകചുരുളുകളായ് മഞ്ഞ് പരക്കുന്നത് അവൻ കണ്ടു.
“കുട്ടി “
“കുട്ടീ‍ീ‍ീ“
ഉമ്മറത്തു നിന്നും റം ല വിളിച്ചു.
രാമനാഥൻ പാറപുറത്തു നിന്നും തിരിഞ്ഞൂ നോക്കി.
പിന്നെ അവൻ പതിയെ നടന്നു.
“എവിടെ പോയതാ?.”
ഉമ്മറത്ത് കാപ്പി ഗ്ലാസ്സ് പിടിച്ചു നിന്നിട്ട് അവർ ചോദിച്ചു.
“വെറുതെ.”
“ദൂരെ നിന്നും വരുന്നവർക്ക് ഇവിടുത്തെ കാലാവസ്ഥ പിടിക്കില്ല.”
അവൻ ഒന്നും പറഞ്ഞില്ല.
ഉമ്മറത്ത് കയറിയിരുന്നു.
‘ദാ കാപ്പി.”
അവൾ നീട്ടിയ കാപ്പി അവൻ വാങ്ങുമ്പോൾ അവൾ മെല്ലെ മന്ദഹസിച്ചു.
അവരുടെ ചിരി അവനു മനസ്സിനു വീണ്ടും തണുപ്പേകി.
കടുംകാപ്പി കുടിച്ച് രാമനാഥൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.
വേലിക്കെട്ടിനപ്പുറത്തൂടെ മൂന്നാല് പെണ്ണാളുകൾ നടന്നു നീങ്ങി.
“തേയിലതോട്ടത്തിലെ പണിക്കാരാണ്.“
റം ല പറഞ്ഞു.
“ങും.“
അവൻ മൂളി.
“പല്ലു തേയ്ക്കണ്ടെ?.”
“പുറകിൽ ഉമ്മക്കിരിയുണ്ട്.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ ഏതാണ്ട് ഓർത്തിരുന്നു.
പിന്നെയവൻ എഴുന്നേറ്റ് പിന്നിലേയ്ക്ക് നടന്നു.