20080626

മുറ്റത്തെ ചക്കരമാവ്-5

വലിയൊരു തളിര്‍ വെറ്റിലയില്‍ ചുണാമ്പ് തേച്ച് ചുണ്ടിന്റെ ഇരുപ്പുറവും പൊള്ളിവീര്‍ത്ത കവിളുകള്‍ വിടര്‍ത്തി ചുണ്ണാമ്പ് തീനിനായര്‍ ചിരിച്ചു.
അമ്പാട്ടെ കുത്തുകല്ലില്‍ കുറെപേര്‍ ഇരിപ്പുണ്ട്.മറ്റ് ചിലര്‍ അങ്ങിങ്ങായി നില്‍ക്കുന്നു.
പാറപ്പാട്ടെ ബാലന്‍ നായര്‍ ഒരിടത്തിരുന്ന് മുറുക്കുന്നു.
കൊല്ലന്‍ നാരായണന്‍ ഈറക്കില്‍ കൊണ്ട് പല്ലുകുത്തി ഒരു തെങ്ങിന്‍ ഇടതുകാല്‍ കുത്തി നില്‍ക്കുന്നു.
“ദാമുവേ ഗോപി ചെത്താന്‍ പോയിട്ടുണ്ടോ?.ഇന്നത്തെ കള്ള് ഷാപ്പില്‍ കൊടുക്കണ്ടാട്ടോ.“
മതേക്കല്‍ ചാക്കോച്ചന്‍ പറഞ്ഞു..
“ന്താ ഇപ്പോ കള്ളിന്റെ വില ലിറ്ററിന് നാലുരൂപയായി.“ നാരായണേട്ടന്‍ നെടുവീര്‍പ്പെട്ടു.
“നല്ല കരിക്കില്‍ കശുമാങ്ങ വാറ്റിയെടുത്തത് ചേര്‍ത്ത് അടിക്കണം വക്കീലദേഹത്തിന്റെ ടേസ്റ്റ് അതാണ്.“
ബാലന്‍ നായര്‍ പറഞ്ഞു.
തൊടിയില്‍ നേര്‍ത്ത കാറ്റ് പിടിക്കുന്നു.
അല്പം അകലെ ട്രാക്ടര്‍ ഉഴുന്ന മണമുണ്ട് കാറ്റിന്.
ആളുകള്‍ വന്നും പോയിം ഇരിക്കുന്നു.
തമ്മനത്തെ പാറുമ്മായി കൂനികൂനി നടന്നുവരുന്നുണ്ട്.കൂടെ തങ്കി മൂപ്പത്തിയും മീനാക്ഷിയേടത്തിയുമുണ്ട്.
“ശവം വന്നോ ബാലാ.?”
അവരുടെ അടുത്തെത്തി കണ്ണൂകള്‍ക്ക് മുകളില്‍ കൈവച്ച് തല മേല്പോട്ട് ഉയര്‍ത്തി പാറുമ്മായി തിരക്കി.
“ഇല്ല തിരുവന്തപുരത്തെന്നെത്താന്‍ രാത്രി വൈകും.“
“പാവം അതിന്റെ കുട്ടിടെ കാര്യാം! നാരായണാ ഈശ്വരനിശചയം എന്നല്ലാണ്ട് എന്താ പറയക.“
പാറുമ്മായി മെല്ലെ പിറുപിറുത്തുകൊണ്ട് കുത്തുകല്ലുകള്‍ കയറി.
“ഇവള്‍ ആയകാലത്ത് നല്ല ഒന്നാന്തരം ഒരുപ്പടിയായിരുന്നു. തടത്തിലെ രാഘവന്‍ കുറെകാലം ഇവളെ പൊറിപ്പിച്ചതാ.” മീനാക്ഷിയേടത്തിയെ നോക്കി ബാലന്‍ നായര്‍ പറഞ്ഞു.
“ഇപ്പഴും കാര്യമായിട്ടൊന്നും ഒടച്ചിലുതട്ടിട്ടില്ലാ.“
ചാക്കോച്ചന്‍ ബീഡിപുക പുറത്തേക്ക് തുപ്പിട്ട് പറഞ്ഞു.
“വേണമെങ്കില്‍ ഒന്ന് നോക്കിക്കോ ചക്കോച്ചാ.“
ദാമുവേട്ടന്‍ ചിരിച്ചു.
“ഏട്ടനെ വക്കീലദേഹം വിളിക്കുന്നു.“
ബാലന്‍ നായരുടെ ഉടപിറന്നോള്‍ കമലാക്ഷി കുത്തുകല്ലോളം വന്ന് പറഞ്ഞു.
“ഞാനിപ്പോ വരാം.നിങ്ങളിവിടെ നിലക്ക്“
ബാലന്‍ നായര്‍ പെങ്ങളക്കൊപ്പം നടന്നു.
ഉമ്മറത്ത് വത്സലയും മീനാക്ഷിയും ഇരുന്ന് ഏങ്ങലടിക്കുന്നുണ്ട്.
ഭാനുമതി ടീച്ചര്‍ ഒരിടത്ത് ശബ്ദമില്ലാതെ കിടക്കുന്നു.
ഭാസ്കര്‍ നായര്‍ അവിടെവിടെയായി ഓടി നടക്കുന്നു.
അമ്പാട്ടെ വീടിന്റെ മുനവശം നീണ്ടു വിശാലമായി കിടക്കുന്ന തെങ്ങിന്‍ തോപ്പാണ്.
തറവാട്ടിലെ കാരണവന്മാരുടെ ശവങ്ങള്‍ കത്തിച്ചിരുന്നത് ഈ തെങ്ങിന്‍ തോപ്പിലാണ് അഞ്ചേക്കറോളം വരുന്ന പറമ്പില്‍ നിന്ന് രാത്രി അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന്
അയല്പക്കത്തെ പുലയന്മാര്‍ പറയാറുണ്ട്.
പിന്നാമ്പുറത്ത് തെക്കിനിയില്‍ വക്കീലദേഹത്തിന്റെ അഛന്‍ ഉപയോഗിച്ചിരുന്ന പഴയതുണി കസേരയില്‍ കാലുകള്‍ ഉയര്‍ത്തി വച്ച് വക്കീലദേഹം ഇരിക്കുന്നു.
ബാലന്‍ നായര്‍ അടുത്തേക്ക് ചെന്നു ചോദിച്ചു.
“കമലാക്ഷി പറഞ്ഞു വിളിച്ചൂന്ന്“.
ബാലന്‍ നായര്‍ തലയുര്‍ത്താതെ ചോദിച്ചു.
“ബാലാ വെള്ളം ചേര്‍ക്കാതെ എനിക്ക് ഒരെണ്ണം വേണം.“
“ഇപ്പോ?.”
ബാലന്‍ നായര്‍ അറച്ചു നിന്നു.
“വേണം നെഞ്ചിനുള്ളില്‍ വല്ലാത്ത ഒരെരിച്ചില്‍.”
വക്കീലദേഹത്തിന്റെ ശബ്ദത്തിന്റെ ദൃഡത തിരിച്ചറിഞ്ഞ ബാലന്‍ നായര്‍ പറഞ്ഞൂ
“ഞാന്‍ കൊണ്ടു വരാം.:“