20090622

ഇടവഴിയിലെ അപരിചിതൻ-13

മഞ്ഞ് ഇരുട്ടിനെ ചുംബിച്ചുകൊണ്ട് അന്തിരീക്ഷത്തിലൂടെ ഒഴുകി നീങ്ങി.
മുറ്റത്തിനപ്പുറം വേലിയ്ക്കരുകിൽ കിടക്കുന്ന കാളവണ്ടിയ്ക്കരുകിൽ നിന്ന് പെട്രോമാക്സിനു തിരിതെളിക്കുകയാണ് ഖാദർ.
രാമനാഥൻ അക്ഷമനായി വേലിപ്പത്തലിൽ പിടിച്ചു നിന്നു.
“നീയെന്താ പോരെണ്ടെന്ന് വച്ചത്?.”
ഖാദർ തിരക്കി.
“ഇത്ത തനിച്ചല്ലെയുള്ളു”
“ങും നന്നായി.”
എന്നിട്ട് അയ്യാൾ റം ലയെ നീട്ടി വിളിച്ചു.
“മോളെ റം ല ,ബാപ്പു ഇറങ്ങണു.”
തൊടിയിൽ എവിടെയോ ഒരു കുപ്പി എറിഞ്ഞുടയണ ശബ്ദം.
അയ്യാൾ വണ്ടിയിൽ കയറിയിരുന്നു.
“നീ പോക്കോ?”
അയ്യാൾ പറഞ്ഞിട്ട് കാളകളെ ചെറുതായി തല്ലി.
“ബ കാളെ നട് നട്.”
റം ല തലയിൽ തട്ടമിട്ട് ഉമ്മറത്തേയ്ക്ക് വന്നു.
“വരുമ്പോൾ ഇത്തിരി ഉണക്കമീനോടെ വാങ്ങിച്ചോളു.”
അയ്യാൾ കേട്ടില്ലെന്നു തോന്നി.
റം ല തൂണിൽ പിടിച്ചു നിന്നു.
മെല്ലെ നിലാവ് പരക്കുന്നു.
രാമനാഥൻ വേലിയ്ക്കരുകിൽ നിന്ന് അവരെ നോക്കി.
“രാമു, നീയെന്താടാ പോകാത്തെ, ഇത്തയെ ആരും പിടിച്ചു തിന്നുവൊന്നുമില്ല പേടിച്ചു തൂറൻ.”
അതു പറഞ്ഞ് അവൾ ചിരിച്ചു.
ആകാശത്തെ ചന്ദ്രൻ അവിടെ വിരിഞ്ഞൂ നില്ക്കുന്നതുപ്പോലെ അവനു തോന്നി.
അവന് ആ ചിരി അത്ര ഇഷ്ടമായിരുന്നു.
“നീയെന്താടാ അവിടെ തന്നെ നില്ക്കണേ?”വാ.”
ഇത്ത അവനെ വിളിച്ചപ്പോൾ അവൻ ചിന്തകളിൽ നിന്നും ഉണർന്നു.
അവരുടെ അടുത്തേയ്ക്ക് വന്നു.
“നിനക്ക് വിശക്കണില്ല്യേ?.” വാ കഞ്ഞി കുടിക്കാം.”
അവൻ അവർക്കൊപ്പം അടുക്കളയിലേയ്ക്ക് നടന്നു.
ഇത്ത അടുപ്പിൽ നിന്നും മൺകലം വാങ്ങിവച്ച് ചിരട്ട തവികൊണ്ട് കഞ്ഞികോരിയൊഴിച്ചു.
ചമ്മന്തിയും മീൻ ചുട്ടതും ഉണ്ടായിരുന്നു.
അവൻ വയറുനിറയെ കഞ്ഞികുടിച്ചു.
ഇത്തയും കഴിച്ചു.
കഞ്ഞികുടി കഴിഞ്ഞ് രാമനാഥൻ ഉമ്മറത്ത് വന്നിരുന്നു.
ആകാശത്ത് നിറയെ നക്ഷത്രങ്ങളുണ്ട്. ചന്ദ്രൻ ഒരു തേങ്ങാപൂളുവട്ടത്തിൽ.
ആകാശത്തേയ്ക്ക് നോക്കി അവനിരുന്നു.
“ഖാദറെ, ഖാദറില്ല്യേ അവിടെ?.”
മുറ്റത്തെ വേലിപ്പത്തല് മാറ്റി ആരോ നടന്നു വരുന്നു.
“രാമനാഥൻ എഴുന്നേറ്റിരുന്നു.
അവന്റെ ഊഹം തെറ്റിയില്ല.
അതയ്യാൾ തന്നെ. തൊമ്മി.
രാമനാഥൻ മുറ്റത്തേയ്ക്ക് ഇറങ്ങി.
“ഖാദറെന്തേടാ?.”
ആയ്യാളുടെ കക്ഷത്തിൽ ഒരു കുപ്പിയുണ്ട്,
ചുണ്ടത്ത് ഒരു ബീഡി കുറ്റി.
“ഇവിടെ ഇല്ല.”
രാമനാഥൻ പറഞ്ഞൂ.
“ആരാ, രാമു അവിടെ?.”
റം ല ഉമ്മറത്തേയ്ക്ക് വന്നു.
അവളുടെ കൈയ്യിലെ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ അവൾ ആയ്യാളുടെ മുഖം കണ്ടു.
ആ മുഖത്തെ ക്രൌര്യം.
ഇരയെ കണ്ട ഒരാർത്തിയോടെ അയ്യാൾ റം ലയെ അടിമുടി നോക്കി.
പിന്നെ ചിരിച്ചു.
“വഴിയിലൂടെ പോയപ്പോൾ വെറുതെ കേറിതാ. ’ ബാപ്പ വരുമ്പോൾ പറഞ്ഞേക്ക്.”
വീണ്ടും ഒരു ചിരി.
ഒരു വൃത്തിക്കെട്ട നോട്ടം.
അവൾ തലകുമ്പിട്ട് നിന്നു.
“ഞാൻ പോവുവ്വാ പിന്നെ വരാം.”
അയ്യാൾ വേച്ചു വേച്ചു നടന്നു.
രാമനാഥൻ മുറ്റത്ത് അത് നോക്കി നിന്നു.
കുറച്ചിടചെന്നപ്പോൾ അയ്യാൾ ഉറക്കെ തെറിപറഞ്ഞ് ചിരിക്കണ കേട്ടു.
പിന്നെ കുപ്പി പാറപുറത്ത് എറിഞ്ഞൂടയ്ക്കണ ശബ്ദവും.
“ഇത്ത , അയ്യാള് ദുഷ്ടനാ.എനിയ്ക്ക് അയ്യാളെ കാണണ പേടിയാ.എന്തിനാ ബാപ്പു അയ്യാളെ ഇങ്ങോട് വിളിക്കണെ?.”റം ലയ്ക്ക് ഉത്തരമില്ല.
അവൾ മണ്ണെണ്ണ വിളക്ക് പിടിച്ച് വാതിൽ ചാരി എങ്ങോടോ നോക്കി നിന്നു.
“എന്താ ഇത്ത അലോചിക്കണെ?”
“ഒന്നൂല്ല്യാ നീ വാ കിടക്കാം.”
അവൾ ഉള്ളിലേയ്ക്ക് കയറി രാമു പുറത്ത് ഒരു നീരിക്ഷണം നടത്തിയിട്ട് ഉള്ളിലേയ്ക്ക് വന്നു.

13-A
ഖാദറിന്റെ കാളവണ്ടി വേലിയ്ക്കപ്പുറം വെളുപ്പിനെപ്പോഴോ വന്നു കിടന്നു.
രാവിലത്തെ കോഴി കൂവി മലമടക്കിലെ മഞ്ഞിൽ പ്രഭാതം വിടർന്നപ്പോൾ.
രാമനാഥൻ ഉമ്മറത്ത് വന്നുനിന്ന് കൈകൾ പിന്നോട്ട് വളച്ച് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും വിട്ട് ഉമ്മറത്തെ തൂണിനു കൈകൾ കൊടുത്ത് നിന്നു.
ഇത്ത പശുവിനെ കറന്ന് വന്നപ്പോൾ അവൻ വേലിയ്ക്കരുകിലേയ്ക്ക് നടന്നു.
ഖാദർ കാളവണ്ടിയിൽ കിടന്ന് നല്ല ഉറക്കമാണ്.
ഇടയ്ക്ക് എന്തോ പിച്ചും പേയും പറയുന്നു.
അവൻ വണ്ടിയിൽ ഇരുന്ന സഞ്ചിയെടുത്ത് വേലികടന്ന് നടന്നു.
സഞ്ചിയിൽ പഴുപ്പതികമായ തക്കാളിയും ഉണക്കമീനുമായിരുന്നു.
അവൻ സഞ്ചി ഉമ്മറത്ത് വച്ചു.
“ഇത്താ ദാ മീനുണ്ട് ഇതില്.”
“ങാ, അതവിടെ വച്ചേയ്ക്ക്.എന്നിട്ട് നീ പോയ് പല്ലുതേയ്ക്ക്.”
രാമനാഥൻ എന്തോ അലോചിച്ചു നിന്നിട്ട് വേഗം പിന്നിലേയ്ക്ക് നടന്നു.
കഴുകോലിൽ കെട്ടിതൂക്കിയ ഉമ്മകിരി കലത്തിൽ നിന്നും ഉമ്മികിരിയെടുത്ത് കൈവെള്ളയിലിട്ട് പൊടിച്ചുകൊണ്ട് പാറപുറത്തേയ്ക്ക് കയറി.
വൃക്ഷകൂട്ടങ്ങൾ കാണാൻ കഴിയാത്തത്ര മഞ്ഞാണ്.
അവൻ പുകചുരുളുകളായി ഒഴുകുന്ന നേർത്ത മഞ്ഞിൻ പാളികളിൽ തട്ടി നിന്ന് പല്ലുതേയ്ച്ചു.
ദൂരെ ദൂരെ മലയിൽ നിന്നും അനേകം കണികകളായി ഒഴുകുന്ന മഞ്ഞ്.
അവൻ വിദൂരതയിലേയ്ക്ക് നോക്കി നിന്നു.
അങ്ങനെ കുറെ നേരം.

5 അഭിപ്രായങ്ങൾ:

കാന്താരിക്കുട്ടി പറഞ്ഞു...

ഇതിനു മുൻപുള്ളതു വായിച്ചില്ല.അതു വായിച്ചിട്ടു ഇതു വായിക്കാംസ്

ഹരീഷ് തൊടുപുഴ പറഞ്ഞു...

അനൂപേ;

ഇന്നാണു മുഴുവനും വായിച്ചത്...

വായിച്ചതില്‍ നിന്നും; കുറെ ഭാഗങ്ങള്‍ കൂടി ഉണ്ടാവുമെന്നു മനസ്സിലായി..

തുടരട്ടെ..

ചാണക്യന്‍ പറഞ്ഞു...

എന്റെമ്മേ ഇയാള് വിടുന്ന ലക്ഷണമില്ലല്ലോ:):)
എഴുത്ത് തുടരുക....ആശംസകള്‍...

മാറുന്ന മലയാളി പറഞ്ഞു...

ആദ്യം പോയി എല്ലാമൊന്നു വായിച്ചിട്ടു വരട്ടെ.........

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ശരിയാ അദ്യം മുതല്‍ വായിച്ചാലെ ശരിയാകൂ