നല്ല വെയിലുണ്ട്.പാടത്ത് ഒരിടത്തായി ട്രാക് ടര്‍ ഉഴുന്നു.
രണ്ട് വിത കഴിഞ്ഞാല്‍ പയറൊ എള്ളോവാണ് കൃഷി.
മഴകാലം തുടങ്ങിയാല്‍ പയറും എള്ളുമൊക്കെ ചീഞ്ഞു വളമാകും.
ആ ഉഴലിന് ഒരു പ്രത്യേക ഗന്ധമാണ്.ആ ചെളിമണം നല്ല രസമാണ്.
ഉമ്മറത്ത് അപ്പുക്കുട്ടന്‍ ഇരിപ്പുണ്ട്.മുറ്റത്ത് അച്ചമ്മ വാട്ടാന്‍ ഇട്ടിരിക്കുന്ന കൊണ്ടാട്ടത്തിന് കാവലാണ് അവന്‍.
മുറ്റത്ത് മുത്തങ്ങപുല്ലുകള്‍ക്കു മുകളില്‍ ദ്രവിച്ച ഒരു പനപായ
ഇട്ടിട്ടുണ്ട് അതിലാണ് ഭാസകരേട്ടന്റെ പാടത്തു നിന്നും കൊണ്ടു വന്ന പാവയ്കാ
പുഴുങ്ങി ഉണങ്ങാന്‍ ഇട്ടിരിക്കുന്നത്.
അയല്പക്കത്തെ കോഴികള്‍ ചികയാന്‍ എത്തുന്നത് വീട്ടിലെ പറമ്പിലാണ്.ചോറുണ്ണാന്‍ ഇരുന്നാല്‍ അത് വാരി കോഴികള്‍ക്ക് എറിഞ്ഞൂ കൊടുക്കുന്നത് അപ്പുക്കുട്ടനാണ്.അച്ചമ്മ കാണാതെയാണ് ഇതൊക്കെ ചെയ്യുന്നത്.
വീടിനു താഴെയുള്ള പാടത്തൂടെ ചെത്തുകാരന്‍ ദാമുവേട്ടന്‍ രണ്ട് ഊന്നുവടിയില്‍ കുത്തി
ഇഴഞ്ഞൂ നീങ്ങുന്നു.
അയ്യാളുടെ പുറകെ മകള്‍ പാറു വെടിതോക്കുമായി പോകുന്നു.
വെടി ശബ്ദം അപ്പുക്കുട്ടന്‍ പേടിയാണ്.
വീട്ടില്‍ ഒരിക്കല്‍ വിഷുവിന് പടക്കം വാങ്ങിച്ചപ്പോള്‍ അത് അപ്പുക്കുട്ടന്റെ കൈയ്യില്‍ ഇരുന്ന് പൊട്ടി.അതിപിന്നെ പടക്കം പൊട്ടിക്കുന്നിടത്ത് അപ്പുക്കുട്ടന്‍ പോകത്തില്ല.
ഇന്ന് അച്ചമ്മക്ക് ഒരിക്കലാണ്.
ആഴ്ച്ചയില്‍ രണ്ടീസം അച്ചമ്മ ഒരിക്കലെടുക്കും.
അന്ന് ഒരു നേരമെ അരി അഹാരം ഉണ്ടാകു.
അച്ചമ്മ ഒരിക്കലെടുക്കുന്നത് അപ്പുക്കുട്ടന്‍ വല്ല്യ ഇഷടമാണ്.ആ ദിവസം രാവിലെയും വൈകിട്ടും പലഹാരം ഉണ്ടാകും.
പാടത്ത് എവിടെ നിന്നോ ഒരു വെടിപൊട്ടുന്ന ശബ്ദം.
അപ്പുക്കുട്ടന്‍ ഉമ്മറത്ത് എഴുന്നേറ്റു നിന്നു.
പഴയപുരയുടെ ഉത്തരത്തെ ഉയര്‍ത്തി നിറുത്തിയിരിക്കുന്ന തൂണുകളില്‍ ഒന്നില്‍ വട്ടം പിടിച്ചു.
ഇല്ല ഒന്നും കാണാന്‍ വയ്യ.അവന്‍ തൂണില്‍ കൈകള്‍ പിണച്ചുകെട്ടി നെഞ്ചുന്തി മുകളിലോട്ട് കയറി.ദൂരെ കരകണ്ടത്തിനു താഴെ വെടിയേറ്റു വീണ വെളുത്തകൊറ്റിയെ തൂക്കിയെടുത്ത് പാറു നടവരമ്പ് കയറുന്നു.
അപ്പുക്കുട്ടന്‍ ദൂരെക്ക് നോക്കി നിന്നു.
അപ്പൂട്ടാ പെട്ടെന്ന് അച്ചമ്മയുടെ ശബ്ദകേട്ട് അവന്‍ താഴെക്ക് നോക്കിയതും അവന്‍ കൈകള്‍ വിട്ട് താഴേക്ക് പോന്നു.മുറ്റത്തെ കൊണ്ടാട്ടം കോഴി കൊത്തുന്നതു കണ്ടാണ് അച്ചമ്മ ഉമ്മറത്തേക്ക് പോന്നത്.
വീഴ്ച്ചയില്‍ കാലുകള്‍ മടങ്ങി അവന്‍ നിലത്തിരുന്നു.
അച്ചമ്മ തൊടിയിലെ ചെമ്പരത്തിയുടെ ഒരു കമ്പ് ഒടിച്ചുകൊണ്ട് വന്നു.
“നശിക്കാനുണ്ടായ വിത്ത് നീ തല്ലുകൊള്ളാത്താതിന്റെയാ.“അതു പറഞ്ഞ് അച്ചമ്മ
അവനെ കലിയടങ്ങുവോളം തല്ലി.
“എന്നെ തല്ലെല്ലെ അച്ചമ്മെ എന്നെ തല്ലല്ലെ അച്ചമ്മെ.?”
അപ്പുക്കുട്ടന്‍ ഏങ്ങലടിച്ചു.
അവനെ തല്ലി ഒടിഞ്ഞ വടി പെട്ടെന്ന് ദൂരേക്ക് എറിഞ്ഞ് അച്ചമ്മ പിന്നാമ്പുറത്തേക്ക് പോയി
“ഇവളിക്കിതെന്തിന്റെ കേടാ?.”
“കുട്ടികളായാല്‍ ഇത്തിരി കുസൃതി കാണും.”
മുറ്റത്ത് ആടലോടകത്തിന്റെ ഇലപറയ്ക്കുകയായിരുന്ന പാറുമ്മായി പറഞ്ഞു.
ഉമ്മറത്ത് കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി വച്ച് അവന്‍ ഏങ്ങലടിച്ചു.
തുടരും.
8 അഭിപ്രായങ്ങൾ:
അനൂപെ,
കുറച്ചു തിരക്കിലായിരുന്നു; എന്തായാലും ഇതിന്റെ തേങ്ങ എന്റെ വക...
അസ്സല്‍ ഗ്രാമ്യഭംഗി..!
അത്താണ് ഗ്രാമ സൌന്ദര്യം
പാവം അപ്പുക്കുട്ടന്‍ ..
എന്തായാലും തുടര്‍ന്നോളൂ..മാഷേ...
ശ്യൊ ആ അപ്പുകുട്ടനെ ഇങ്ങനെ തല്ലല്ലെ..കൊച്ചു കൊച്ചു കുസൃതികള്‍ക്കു കുട്ടികളെ തല്ലാമോ ?
നന്നാവുന്നുണ്ട് അനൂപെ..തുടരൂ......
ഓപ്പോള്‍ സിനിമ ഓര്‍മ്മവന്നു..!
രണ്ടും മൂന്നും കൂടി ഇന്നാ വായിച്ചതു്. നന്നാവുന്നുണ്ട്. അരി കൊണ്ടാട്ടം ഉണ്ടാക്കി ഞങ്ങളെ കാക്കയ്ക്കു കാവലിരുത്താറുള്ളതു് ഓര്‍ത്തുപോയി.
പണ്ട് നെല്ലിന്‍ പായില്‍ കാവല്‍ ഇരുത്തും
കാവല്‍ ആണെന്നുള്ള കാര്യം കുറച്ചു
കഴിയുമ്പോള്‍ മറക്കും പായുടെ അടുത്ത് നിന്ന് എണീറ്റ് കളിക്കാന്‍ പോകും..
അപ്പോള്‍ കാക്കയും കോഴിയും പായില് കയറും
കൃത്യം അതു കണ്ടു പിടിക്കപെടും , പിന്നത്തെ കഥ ദേ ഈ പറഞ്ഞതാ ..അനുപേ നല്ല ഒഴുക്കുണ്ട് വായിക്കുമ്പോള്‍ ഓര്‍മ്മ റീവൈന്‍ഡ്
ആവുന്നു..വെക്കം പറയ് ബാക്കി...!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ